ബലി പെരുന്നാൾ (ഈദുൽ അദ്ഹാ) ദിനവും അതിലുള്ള സുന്നത്തുകളും
ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) ഇബ്രാഹീം നബിയുടേയും(അ) മകന്‍ ഇസ്മാഈല്‍ നബിയുടേയും(അ) ത്യഗസ്മരണയില്‍ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.
ഈ രണ്ട് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷവും ഒരു മുസ്‌ലിമിനില്ല. ഈ രണ്ട് ദിവസങ്ങളില്‍ ആഘോഷിക്കുവാനും സന്തോഷിക്കുവാനും ഇസ്ലാം അനുവാദം നല്‍കുന്നു. എന്നാല്‍ ആധുനിക സങ്കല്‍പ്പത്തിലെ ആഘോഷത്തില്‍ നിന്നും വ്യത്യസ്തവും വ്യതിരിക്തവുമാണ് ഇസ്‌ലാമിലെ ആഘോഷം. ആരാധനയുടെ വ്യത്യസ്ത തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മുസ്‌ലിമിന് ഈദ് എന്ന ആഘോഷം. അതോടൊപ്പം അനുവദനീയമായ വിനോദങ്ങളുമാകാം. പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും വലിയ ഘടകം നമസ്‌കാരവും അതിനുശേഷമുള്ള ഉദ്‌ബോധനം ശ്രവിക്കലുമാണെന്നത് ഇസ്‌ലാമിലെ ആഘോഷം ആരാധനയിലും ദൈവസ്മരണയിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കിത്തരുന്നു.
പെരുന്നാള്‍ ദിനത്തില്‍ ഒരു സത്യവിശ്വാസി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നബി(സ്വ) നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.അതെല്ലാം നാം മനസ്സിലാക്കേണ്ടതും അതുപ്രകാരം പ്രവ൪ത്തിക്കേണ്ടതുമാണ്.
1.കുളിക്കുക
പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിനായി പ്രത്യേകം കുളിച്ച് ശുദ്ധിയാകുന്നത് നല്ലതാണ്. പെരുന്നാള്‍ നമസ്‌കാരത്തിനായി ഉള്ളതില്‍ നല്ല ഭംഗിയുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് പോകേണ്ടത്.
ഇബ്നു ഉമ൪(റ) തന്റെ ഏറ്റവും നല്ല വസ്ത്രങ്ങളായിരുന്നു പെരുന്നാള്‍ ദിനത്തില്‍ അണിഞ്ഞിരുന്നത്.(ബൈഹഖി)
നബിക്ക്(സ്വ) ജുമുഅ ദിനത്തിലും ഈദ് ദിനത്തിലും ധരിക്കാന്‍ പ്രത്യേകം വസ്ത്രം ഉണ്ടായിരുന്നുവെന്ന് ഇബ്‌നു ഖുസൈമയുടെ സ്വഹീഹില്‍ രേഖപ്പെടുത്തിയതായി കാണാം. എന്നാല്‍ ഇസ്‌ലാം വിരോധിച്ച വസ്ത്രവും വസ്ത്രധാരണ രീതിയും ആഘോഷത്തിന്റെ പേരില്‍ സ്വീകരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല.
പെരുന്നാള്‍ ദിനം ഈദ് നമസ്കാരത്തിനായി പുറപ്പെടുമ്പോള്‍ സുഗന്ധം പൂശുന്നത് നബിചര്യയില്‍ പെട്ടതാണ്. എന്നാല്‍ ഏതവസരത്തിലായാലും സ്ത്രീക്ക് പുറത്തിറങ്ങുമ്പോള്‍ സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്.
എല്ലാ പെരുന്നാള്‍ ദിനത്തിലും നാം കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും ചെയ്യാറുണ്ട്. എങ്കിലും അതിന് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്നത് അത് പ്രത്യേകം കരുതി ചെയ്യുമ്പോഴാണ്.കാരണം നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക൪മ്മങ്ങള്‍ക്ക് കൂലി ലഭിക്കുന്നത്.
2. ഭക്ഷണം കഴിക്കാതിരിക്കൽ
وَلاَ يَطْعَمُ يَوْمَ الأَضْحَى حَتَّى يُصَلِّيَ
ബലി പെരുന്നാള്‍ ദിവസത്തില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുണ്ടായിരുന്നില്ല. (സുനനു തി൪മിദി:542)
3. ധാരാളമായി തക്ബീ൪ ചൊല്ലല്‍
രണ്ട് പെരുന്നാളുകളോടനുബന്ധിച്ച് ധാരാളമായി തക്ബീ൪ ചൊല്ലല്‍ സുന്നത്താണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം തക്ബീ൪ ചൊല്ലാവുന്നതാണ്. ബലിപ്പെരുന്നാളില്‍ അറഫാദിനത്തിന്റെ (ദുല്‍ഹജ്ജ് 9) പ്രഭാതം മുതല്‍ ദുല്‍ഹജ്ജ് 13 (അയ്യാമുത്തശ്'രീക്കിന്റെ അവസാന ദിനം) അസര്‍ നമസ്കാരം വരെയാണ് തക്ബീര്‍ ചൊല്ലേണ്ടത്.
പുരുഷന്മാര്‍ക്ക് തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കാവുന്നതാണ്. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്.
الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
4. ഈദ് ഗാഹുകളിലേക്ക് സംഘങ്ങളായി നടന്നുകൊണ്ട് പോകുക
ഈദ് ഗാഹുകളിലേക്ക് നേരത്തെ പോകുക. നടന്നുകൊണ്ട് സംഘങ്ങളായി തക്ബീര്‍ ചൊല്ലിക്കൊണ്ട് ഈദ് ഗാഹിലേക്ക് പോകുക എന്നതാണ് ഏറ്റവും ശ്രേഷ്ടകരമായ രീതി.
5. പെരുന്നാള്‍ നമസ്‌കാരം
പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം പെരുന്നാള്‍ നമസ്‌കാരമാണ്. ഒരു പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ ഒരു ഒരുമിച്ചുകൂടി തക്ബീര്‍ മുഴക്കി, നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം പങ്കുകൊണ്ട് സന്തോഷിക്കേണ്ടതാണ്.പെരുന്നാള്‍ നമസ്കാരം പള്ളിയില്‍ വെച്ചല്ല, ഈദ് ഗാഹില്‍ വെച്ചാണ് നമസ്കരിക്കേണ്ടത്. (ബുഖാരി :973)
6. പെരുന്നാള്‍ ഖുതുബ ശ്രദ്ധിച്ച് കേള്‍ക്കുക
പെരുന്നാള്‍ ഖുതുബയില്‍ റസൂല്‍(സ്വ) ജനങ്ങളെ ഉപദേശിക്കുകയും നന്‍മകള്‍ കൊണ്ട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പെരുന്നാള്‍ ഖുതുബ നാം ശ്രദ്ധിച്ച് കേള്‍ക്കേണ്ടതാണ്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും പെരുന്നാള്‍ നമസ്കാരം കഴിയുന്നതോടുകൂടി ധാരാളം ആളുകള്‍ അവിടെ നിന്ന് എഴുന്നേറ്റ് മാറിനില്‍ക്കുകയും പുറത്തേക്ക് പോകുകയും ചെയ്യുന്നത് കാണാറുണ്ട്. ഇത് ഒരു സത്യവിശ്വാസിക്ക് ഒരിക്കലും യോജിച്ചതല്ല. ഖുതുബ തീരുന്നതുവരെ അത് ശ്രദ്ധിച്ച് അവിടെ തന്നെ ഇരിക്കേണ്ടതാണ്.
7. ദാനധ൪മ്മം ചെയ്യല്‍
പെരുന്നാള്‍ ദിവസം ദാനധ൪മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്.(ബുഖാരി:964)
8. വഴി മാറി സഞ്ചരിക്കുക
പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമ്പോള്‍ ഒരു വഴിയിലൂടെയും തിരിച്ച് വരുമ്പോള്‍ മറ്റൊരു വഴിയിലൂടെയും വരിക. റസൂല്‍(സ്വ) ഈദ് നമസ്‌കാരത്തിന് പോകുന്നതും തിരിച്ചു വരുന്നതും വ്യത്യസ്ത വഴികളിലൂടെയായിരുന്നു. (ബുഖാരി:986)
9. ആശംസകൾ അറിയിക്കുക
പെരുന്നാൾ ആശംസകൾ അറിയിക്കുക.
تقبل الله منا ومنكم
10. ബലി അറുക്കുക മറ്റുള്ളവർക്കും നൽകുക
ബലിമാംസത്തില്‍ നിന്ന് ബലി നല്‍കിയ ആള്‍ ഭക്ഷിക്കുകയും അതില്‍ നിന്നും ദാനം ചെയ്യുകയും ചെയ്യുന്നത് സുന്നത്താണ്.
പെരുന്നാള്‍ ദിനത്തിലെ ശേഷിക്കുന്ന സമയവും നാം നന്‍മകള്‍ക്കായി വിനിയോഗിക്കേണ്ടതാണ്. കുടുംബബന്ധങ്ങള്‍ ചേര്‍ക്കുവാനും വിരുന്നുപോയും വിരുന്ന് ക്ഷണിച്ചും ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കുവാനും പെരുന്നാള്‍ ദിനത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനേക്കാള്‍ ആനന്ദം നല്‍കുവാന്‍ ഒരു വിനോദത്തിനുമാകില്ലെന്നതാണ് വാസ്തവം.
ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കുന്നതും റസൂല്‍(സ്വ) പ്രത്യേകം ഓര്‍മ്മപ്പെടുത്തിയ കാര്യമാണ്. തശ്‌രീഖിന്റെ ദിനങ്ങള്‍ 'ഭക്ഷിക്കുന്നതിന്റേയും കുടിക്കുന്നതിന്റേയും അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുന്നതിന്റേയും ദിനമാണെന്ന് റസൂല്‍(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. അങ്ങനെയെങ്കില്‍ ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കാന്‍ കഴിവില്ലാത്തവരെ സഹായിക്കുന്നത് എത്ര ശ്രേഷ്ടകരമായ കാര്യമാണെന്നുകൂടി സാന്ദ൪ഭികമായി നാം ഓ൪ക്കേണ്ടതാണ്.
⚫അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍⚫
1.രണ്ടു പെരുന്നാള്‍ ദിവസവും നോമ്പെടുക്കല്‍ ഹറാം
2. പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ അതേരൂപത്തിൽ നമസ്കരിക്കാവുന്നതാണ്
3.പെരുന്നാള്‍ നമസ്കാരത്തിന്റെ മുമ്പോ ശേഷമോ സുന്നത്ത് നമസ്കാരം ഇല്ല
4.നമസ്കാരത്തില്‍ തക്ബീറിന്റെ ഇടയില്‍ ഒന്നും ചൊല്ലരുത്
تقبل الله منا ومنا ومنكم
✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS
No comments:
Post a Comment