Pages

Thursday, 19 March 2020

റജബ് 27 - സുന്നത്ത് നോമ്പും മറ്റ് ആചാരങ്ങളും വസ്തുത എന്ത്?


റജബ് 27 ന് മിഅ്റാജ് നോമ്പ് സുന്നത്തോ?
അസ്സലാമുഅലൈക്കും,

നമ്മുടെ നാടുകളില്‍ റജബ് 27 ന് സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിനായി പള്ളികളില്‍ നിന്നും ഉല്‍ബോധനം നടത്തുന്നത് കാണാറുണ്ട്. ഇസ്‌റാഉം, മിഅ്‌റാജും സംഭവിച്ചത് റജബ് 27നാണെന്നും പറഞ്ഞാണ് ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിനായി ആളുകള്‍ക്ക് പ്രേരണ നല്‍കുന്നത്. ഇസ്ലാമിക പ്രമാണങ്ങളില്‍ റജബ് 27 ന് നോമ്പ് അനുഷ്ഠിക്കുന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഈ വിഷയം സത്യവിശ്വാസികള്‍ ഗൌരവപൂ൪വ്വം പഠിക്കേണ്ടതുണ്ട്.

ഒരു രാത്രിയില്‍ മക്കയില്‍ നിന്നും അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്കും, അവിടെ നിന്ന് ആകാശത്തേക്കും അല്ലാഹു നബി ﷺ യെ കൊണ്ടുപോവുകയും അത്ഭുതക്കാഴ്ചകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ രണ്ടു യാത്രകളില്‍ ഒന്നാമത്തെത് ഇസ്‌റാഅ്(രാപ്രയാണം അഥവാ രാവുയാത്ര) എന്നും രണ്ടാമത്തെത് മിഅ്‌റാജ്(ആകാശാരോഹണം അഥവാ വാനയാത്ര) എന്നും അറിയപ്പെടുന്നു.മക്കയിലെ ശത്രു പീഡനങ്ങളും ഉപരോധങ്ങളും തീര്‍ത്ത പരീക്ഷണങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നബിയുടെ ﷺ  സഹായികളും സാന്ത്വനവുമായിരുന്ന പിതൃവ്യനായ അബൂത്വാലിബും പ്രിയ സഖി ഖദീജയും വിടപറഞ്ഞ ദുഃഖത്തിന്റെ ദിനങ്ങള്‍ക്കിടയില്‍ ഒരു ആശ്വാസത്തിന്റെ തലോടല്‍ കൂടിയായിരുന്നു ഈ രാപ്രയാണവും വാനയാത്രയും. ഇസ്‌റാഉം, മിഅ്‌റാജും സംഭവിച്ചത് എന്നാണെന്ന് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നോ ചരിത്രരേഖകളില്‍ നിന്നോ വ്യക്തമല്ല.

ഇമാം ഇബ്നു ഹജര്‍  അസ്ഖലാനി (റഹി) പറഞ്ഞു: 'ഇസ്റാഅ് - മിഅ്റാജ് ദിനം നിര്‍ണയിക്കുന്നതില്‍ പത്തിലധികം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അത് റമളാനില്‍ ആണെന്നും ശവ്വാലിലാണെന്നും, റജബിലാണെന്നും, റബീഉല്‍ അവ്വലിലാണെന്നും, റബീഉല്‍ ആഖറിലാണെന്നും അഭിപ്രായമുണ്ട്. (ഫത്ഹുല്‍ ബാരി)

ഇസ്റാഉം മിഅ്റാജും നടന്നതെന്നാണെന്ന് തീര്‍ച്ചപ്പെടുത്താവുന്ന വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതു സംബന്ധമായി ഇമാം ഇബ്നു ഹജര്‍  അസ്ഖലാനി (റഹി) ഫത്ഹുല്‍ ബാരിയില്‍ പത്ത് അഭിപ്രായങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ട്. ഹിജ്റക്ക് ഒരുവര്‍ഷം മുമ്പാണിതെന്ന ഇമാം നവവിയെ പോലുള്ളവരുടെ നിഗമനങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. വര്‍ഷത്തിന്റെ കാര്യത്തിലെന്നപോലെ ഏത് മാസത്തിലാണെന്നതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്. ഇമാം ഇബ്നുകസീറും ഇമാം ഖുര്‍ത്വുബിയുമെല്ലാം അക്കാര്യം വിശദീകരിച്ചിട്ടുണ്ട് (അല്‍ ബിദായ വന്നിഹായ: 3/107, തഫ്സീര്‍ ഖുര്‍ത്വുബി 10/210)

ഇസ്‌റാഉം മിഅ്‌റാജും ഏത്‌ ദിവസമാണ്‌ സംഭവിച്ചത്‌ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും അത്‌ നബിയുടെ ﷺ  നുബുവ്വത്തിന്‌ ശേഷമാണ്‌ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകോപനമുണ്ട്‌. കാരണം, ഫ൪ള് നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കുന്നത്‌ മിഅ്‌റാജിന്റെ രാവിലാണ്‌. നുബുവ്വത്തിന്‌ മുമ്പ്‌ അല്ലാഹു നമസ്‌കാരം നിര്‍ബന്ധമാക്കുകയില്ലല്ലോ.  ഇസ്‌റാഉം, മിഅ്‌റാജും സംഭവിച്ചത് റജബ് 27നാണെന്നു വന്നാല്‍പോലും അന്നേദിവസം നോമ്പ് അനുഷ്ഠിക്കണമെങ്കില്‍ അതിന് തെളിവ് വേണം. ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ ഇസ്‌റാഉം, മിഅ്‌റാജുമായി ബന്ധപ്പെട്ട് പ്രത്യേകമായി ഒരുതരത്തിലുള്ള ഇബാദത്തും അല്ലാഹുവോ അവന്റെ റസൂലോ ﷺ  പഠിപ്പിച്ചിട്ടില്ലെന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍(പുത്തനാചാരത്തില്‍) പെട്ടതാണ്.

റജബ് 27 ന് നോമ്പ് അനുഷ്ഠിക്കണമെന്ന് പറയുന്നവ൪ ഹാജരാക്കുന്ന തെളിവ് പരിശോധിക്കാം.

റജബ്‌ മാസം ഇരുപത്തി ഏഴിന്‌ നോമ്പനുഷ്‌ഠിക്കുന്ന പക്ഷം അറുപത് മാസത്തെ നോമ്പിന്റെ പ്രതിഫലം അവന്റെ മേല്‍ രേഖപ്പെടുത്തപ്പെടും (ശഹ്‌റുബ്‌നു ഹൂശബ്‌) 
 ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച്‌ ഇമാം ഇബ്നു ഹജര്‍  അസ്ഖലാനി (റഹി) പറയുന്നു: ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലവും നബിയിലേക്ക്‌ ﷺ എത്തിച്ചേര്‍ന്നിട്ടില്ലാത്തതുമാകുന്നു.(തബ്‌യീനുല്‍ അജബ്‌ - പേജ്‌ :60)

മിഅ്‌റാജ് ദിവസത്തിലെ നോമ്പ് സുന്നത്തായിരുന്നുവെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ നബിയില്‍ നിന്നും സ്വഹാബികള്‍ വഴി നമുക്ക് ലഭിക്കുമായിരുന്നു അഥവാ അത് ഹദീസ് ഗ്രന്ഥങ്ങളില്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുമായിരുന്നു. ഖുര്‍‌ആന്‍ സൂചിപ്പിച്ച ഒരു സംഭവം നടന്ന ദിവസവും, സമുദായം ഏറ്റവും പ്രാധാന്യത്തോടെ നിര്‍‌വ്വഹിക്കേണ്ട നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെട്ട ദിവസവുമാണതെന്ന നിലയില്‍ വലിയ പ്രാധാന്യമാണതര്‍ഹിക്കുന്നത്. മിഅ്‌റാജ്  നോമ്പിനെ കുറിച്ച് ആ യാത്ര നടത്തിയ നബിയില്‍(സ്വ) നിന്നും യാതൊരു റിപ്പോ൪ട്ടും സ്വഹീഹായി വന്നിട്ടില്ല. അതിനെ സത്യപ്പെടുത്തിയ അബൂബകറും(റ) മിഅ്റാജ് നോമ്പ് അനുഷ്ഠിച്ചിട്ടില്ല.

ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു: 'സ്വഹാബികളോ താബിഉകളോ ഇസ്‌റാഇന്റെ രാവിന് യാതൊരു പ്രത്യേകതയും കല്പിച്ചിരുന്നില്ല. അങ്ങനെ ഒരു ദിവസത്തെ അവര്‍ ഓര്‍ക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഇസ്‌റാഅ് എന്നത് നബിയുടെ ﷺ ഏറ്റവും വലിയ ശ്രേഷ്ഠതയില്‍ പെട്ടതായിരുന്നുവെങ്കിലും അത് സംഭവിച്ച സ്ഥലത്തോ കാലത്തോ പ്രത്യേകമായ ഒരു ചര്യയും മതപരമായ ആരാധനാകര്‍മം എന്ന നിലയില്‍ ചര്യയാക്കപ്പെട്ടിട്ടില്ല. (സാദുല്‍ മആദ് :1/58) 

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ(റഹി) പറഞ്ഞു:

وَأَمَّا صَوْمُ رَجَبٍ بِخُصُوصِهِ فَأَحَادِيثُهُ كُلُّهَا ضَعِيفَةٌ بَلْ مَوْضُوعَةٌ
റജബ് മാസം പ്രത്യേകമായി നോമ്പെടുക്കാൻ പറയുന്ന ഹദീസുകളെല്ലാം ളഈഫ് (ദുർബലം) ആകുന്നു, അല്ല, അവ മൗളൂഅ് (കെട്ടിച്ചമക്കപ്പെട്ടവ)  തന്നെയാണ്. (മജ്മൂഉൽ ഫതാവാ : 25/290)

നോമ്പ് അനുഷ്ഠിക്കുന്നവരെയും നമസ്കരിക്കുന്നവരെയും വിമ൪ശിക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കുന്നവരുമുണ്ട്. നോമ്പല്ലേ, നമസ്കാരമല്ലേ അതിനൊന്നും തെളിവില്ലെങ്കിലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നവരുമുണ്ട്. അത്തരം ആളുകളോട് ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. 

സത്യവിശ്വാസികളുടെ തന്നെ ഏതൊരു ക൪മ്മവും അല്ലാഹു സ്വീകരിക്കണമെങ്കില്‍ രണ്ട് കാര്യം നി൪ബന്ധമാണ്. 1) ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ചുള്ളതായിരിക്കുക (ഇഖ്'ലാസ്.) 2) ചെയ്യുന്ന ക൪മ്മം നബിയുടെﷺ ചര്യക്കനുസൃതമായിരിക്കണം(സുന്നത്ത്.) ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുള്ളതാണെങ്കിലും അതിന് നബിയുടെﷺ മാതൃകയില്ലെങ്കില്‍ അത് തള്ളപ്പെടും. ബിദ്അത്തായ ക൪മ്മം അല്ലാഹു സ്വീകരിക്കില്ലെന്ന൪ത്ഥം.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)


അല്ലാഹുവിന്റെ റസൂല്‍ﷺ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. ദീനിലേക്ക് എന്തെങ്കിലും പുതുതായി കൂട്ടിച്ചേ൪ത്ത് അത് നല്ലതാണെന്ന് ആരെങ്കിലും വാദിക്കുന്ന പക്ഷം, നബിﷺ തന്റെ ദൌത്യ നിര്‍വഹണത്തില്‍ വഞ്ചന കാണിച്ചുവെന്നാണ് അവന്‍ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യം നബിﷺ നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ പറയുന്നതിലൂടെ സംഭവിക്കുന്നത്.

ചുരുക്കത്തില്‍ ഇത്തരം ബിദ്അത്തായ നോമ്പും നമസ്കാരവും അനുഷ്ഠിക്കുകവഴി അല്ലാഹുവില്‍ നിന്നും പ്രതിഫലമല്ല, ശിക്ഷയായിരിക്കും ലഭിക്കുക. അതുകൊണ്ടാണ് മുന്‍ഗാമികള്‍ ഇത്തരം തിന്‍മകളെ ശക്തിയായി എതി൪ത്തിട്ടുള്ളത്. 

സുന്നത്ത് നോമ്പ് അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവ൪ക്ക് അതിനുള്ള ധാരാളം അവസരങ്ങളെ കുറിച്ചും അറിയുക. ആശൂറാഅ് (മുഹറം:9), താസൂറാഅ് (മുഹറം:9), അറഫ നോമ്പ്, ശവ്വാലിലെ ആറ് നോമ്പ്, ദുല്‍ഹിജ്ജയിലെ ആദ്യ ഒമ്പത് ദിവസങ്ങളില്‍, ശഅ്ബാനിലെ ഭൂരിഭാഗം ദിവസങ്ങളില്‍,  എല്ലാ മാസവും 13,14,15 തീയതികളില്‍ (അയ്യാമുല്‍ ബീള്), തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍, കൂടുതല്‍ അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവ൪ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ എന്നീ നോമ്പുകളെല്ലാം അനുഷ്ഠിക്കാവുന്നതാണ്. ഈ നോമ്പുകളെല്ലാം നബി(സ്വ) നമുക്ക് വ്യക്തമായി പഠിപ്പിച്ചു തന്നിട്ടുള്ളതും ധാരാളം പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്. 

ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ

അവന്‍(പിശാച്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (അനിസ്ലാമിക പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച.(ഖു൪ആന്‍ : 15/39)

നാം ഇതിനെക്കുറിച്ച് പറഞ്ഞ വീഡിയോ കാണുക:

✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS

No comments:

Post a Comment

Ramadan Duroos #28

 عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَا...